Sree Bhuvaneswari Devi Kshethra Trust
ഓഫീസ് ലോഗിൻ · Office Login

ഉപദേവതകൾ

ക്ഷേത്ര ഉപദേവതകൾ

ആശ്രിതവത്സലയായി അഭിഷ്ടവരദായിനിയായി ആയിരം സൂര്യപ്രഭയോടെ വാഴുന്ന ശ്രീഭുവനേശ്വരിയുടെ ക്ഷേത്രപര്യന്തത്തില്‍ പ്രതിഷ്ഠിക്കപ്പെട്ടിട്ടുള്ള ഉപദേവതമാരുടെ അനുഗ്രഹവർഷത്തിന്‌ പാത്രീഭൂതരാകുക എന്നതു ഒരു ജന്മസുകൃതമാണ്‌. തഴവാ വടക്കുംമുറി കിഴക്ക്‌ ശ്രീ ഭുവനേശ്വരീ ക്ഷേത്രത്തില്‍ വാഴുന്ന ഉപദേവതാമൂര്‍ത്തികളുടെ പ്രാധാന്യം വർണ്ണനാതീതമാണ്‌. ഉപദേവതമാരായി ശ്രീ പരമേശ്വരന്‍, ശ്രീ മഹാഗണപതി, സുന്ദരയക്ഷി, ബ്രഹ്മരക്ഷസ്‌, യോഗീശ്വരന്‍, മൂര്‍ത്തി, പേയ്‌, നാഗരാജാവ്‌, നാഗയക്ഷി അഖിലനാഗങ്ങള്‍, ബാലനാഗങ്ങള്‍ എന്നീ മഹത്‌ ചൈതന്യങ്ങളെയാണ്‌ പ്രതിഷ്ഠിച്ചിട്ടുള്ളത്‌.

1. കൈലാസനാഥന്‍

ദേവീസങ്കല്പത്തില്‍ ശിവസാധ്യമെങ്കില്‍ മഹാശക്തിചൈതന്യം പതിന്മടങ്ങ്‌ വര്‍ദ്ധിക്കുമെന്നത്‌ വാസ്തവം. അഖിലചരാചരങ്ങള്‍ക്കും കാരണഭൂതനായ കൈലാസനാഥന്‍ ഇവിടെ പ്രകൃതി പുരുഷ സമഞ്ജസഭാവം വെളിവാക്കിക്കൊണ്ട്‌ ലിംഗസ്വരൂപനായി കുടികൊള്ളുന്നു. ക്ഷേത്രത്തിന്റെ ഈശാനകോണില്‍ പടിഞ്ഞാറുദര്‍ശനമായി വാഴുന്ന ശ്രീ മഹാദേവന്‍ മംഗല്യതടസങ്ങൾ നീക്കിയനുഗ്രഹിക്കുന്ന സര്‍വ്വേശ്വരനായി വാഴുന്നു. പഞ്ചാക്ഷരീമന്ത്രജപത്താല്‍ സന്തുഷ്ടനാകുന്ന ഭഗവാന്റെ ദർശനം മഹത്തരം തന്നെ.

കേരളത്തില്‍ അത്യപൂര്‍വ്വമായി മാത്രം കണ്ടുവരുന്ന പഞ്ചശിരസ്സുയര്‍ത്തിയ നാഗ ഛത്രത്തോടെ മഹിമയെഴുന്ന ശിവലിംഗരൂപമാണ്‌ ഇവിടുത്തെ ശിവലിംഗ പ്രതിഷ്ഠയെന്നതും ശ്രദ്ധേയമാണ്‌.

2. ശ്രീ ശക്തിഗണേശൻ

ക്ഷേത്രസങ്കേതത്തിന്‌ കന്നിമൂലയില്‍ കണ്ണിനും മനസ്സിനും ദര്‍ശനാനന്ദമായി ശ്രീ ശക്തിഗണേശൻ സര്‍വ്വവിഘ്ന നിവാരകനായി കുടികൊള്ളുന്നു. ശങ്കരനന്ദനനായ ഭഗവാന്‍ സര്‍വ സമ്പത്സമൃദ്ധിയും പ്രദാനം ചെയ്ത്‌ തുമ്പിക്കരമുയർത്തി അനുഗ്രഹിച്ചു പാപനിഗ്രഹം ചെയ്യുന്നു

3. യക്ഷിയമ്മ

ശാക്തേയ ഭാവമോടെ സസ്യലതാസമൃദ്ധമായ ഭൂവില്‍ വസിക്കുന്ന യക്ഷിയമ്മ ദീർഘങ്ങളായ നയനങ്ങളാൽ കടാക്ഷം ചൊരിഞ്ഞ്‌, അനുഗ്രഹരൂപിണിയാകുന്ന സൗന്ദര്യവതിയാണ്‌. ഉഗ്രമൂര്‍ത്തിയെങ്കിലും ശാന്തസ്വരൂപത്തില്‍ വാഴുന്ന മായാദേവിയുടെ തൃക്കടാക്ഷം സര്‍വ്വദോഷ പരിഹാരങ്ങള്‍ക്ക്‌ അത്യുത്തമം

4. നാഗചൈതന്യങ്ങള്‍

കുണ്ഠല ബ്രഹ്മമൂര്‍ത്തികളായ നാഗചൈതന്യങ്ങള്‍ വസിക്കുന്ന ഭൂമിയില്‍ ആരാധന ചെയ്യുന്നത്‌ അനന്തപുണ്യത്തെ പ്രദാനം ചെയ്യും. സര്‍വ്വവിഷ പ്രകൃതിക്കും വിഷസാദ്ധ്യതകള്‍ക്കും അധിപരായ നാഗര്‍ക്ക്‌ ആചാരപൂജകള്‍ ചെയ്ത്‌ സന്തുഷ്ടരാക്കുന്നത്‌ സര്‍വ്വ രോഗപരിഹാരത്തിനും നാടിന്റെ രക്ഷയ്ക്കും ഉചിതം. ഈ ചൈതന്യഭൂവിൽ നാഗ രാജാവ്‌, നാഗയക്ഷി, അഖിലനാഗങ്ങള്‍, ബാലനാഗം ആദിയായുള്ള നാഗദേവതകള്‍ അധിവസിക്കുന്നു. പ്രകൃതിയുടെ പ്രത്യക്ഷ പ്രതീകങ്ങളായ നാഗദൈവങ്ങളെ ഭജിച്ചും പൂജിച്ചും മോക്ഷപ്രാപ്തിക്ക്‌ മാര്‍ഗമൊരുക്കാം.

ബ്രഹ്മരക്ഷസ്സ്‌, യോഗീശ്വരന്‍, മൂര്‍ത്തി, പേയ്‌ ആദിയായ ചൈതന്യമൂര്‍ത്തികളുടെ അധിവാസം കൊണ്ടും മഹിമയേറുന്ന ഭൂമിയാണ്‌ ഈ ക്ഷേത്രസങ്കേതം.